സർക്കാരിന്റേത് ചരിത്രപരമായ മണ്ടത്തരമെന്ന് പിണറായി വിജയൻ….

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച ഈ റിപ്പോർട്ട്.
ഇരുപത്തഞ്ചോ അമ്പതോ വർഷം കൊണ്ടുമാത്രം നടക്കാനിടയുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ ഇപ്പോൾത്തന്നെ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാർ കിഫ്ബി വഴി സാധ്യമാക്കിയത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച ഘട്ടത്തിൽ അതിനെ ഏറ്റവും രൂക്ഷമായി പരിഹസിച്ചവരാണിപ്പോൾ അതിന്റെ അവിശ്വസനീയമായ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച് അതിനെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നത്. കിഫ്ബിയെ തകർക്കുക എന്നത് കേവലമൊരു ചരിത്രപരമായ മണ്ടത്തരം മാത്രമല്ല, ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരത കൂടിയാണ്.



