അയ്യപ്പഭക്തർക്കായി കെഎസ്ആർടിസിയുടെ വിപുലമായ ഒരുക്കം… ആദ്യഘട്ടത്തിൽ….

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് ആദ്യഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് സർവീസ് നടത്തുക. തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ വിന്യസിക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമേ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും പമ്പയിലേക്ക് സർവീസുകളുണ്ടാകും.
പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നാണ് പ്രത്യേക സർവീസുകൾ ക്രമീകരിക്കുന്നത്. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. സർവീസുകൾ സുഗമമായി നടത്തുന്നതിനായി പമ്പയിലും നിലയ്ക്കലുമായി രണ്ട് ഘട്ടങ്ങളിലായി ജീവനക്കാരെ നിയോഗിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയും ചുമതലപ്പെടുത്തും. ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരെയും 275 കണ്ടക്ടർമാരെയും നിയോഗിക്കും. ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫീസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ടാകും. ജീവനക്കാർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങളും മെക്കാനിക്കൽ ജീവനക്കാർക്ക് വാഹന നിർമാണ കമ്പനികളുടേതുൾപ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ചാർട്ടേഡ് ട്രിപ്പുകളും ഓൺലൈൻ റിസർവേഷൻ സൗകര്യവും ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും സൗകര്യമുള്ള 70-ലധികം ക്ഷേത്രങ്ങളുടെ പട്ടിക വൈകാതെ പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളുടെ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ സർവീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കും. പമ്പയിലും നിലയ്ക്കലിലും ബസ് പാർക്കിങ്, ഗാരേജ്, ജീവനക്കാരുടെ വിശ്രമ-താമസ സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. നിലയ്ക്കലിൽ ആവശ്യമായ പാർക്കിങ് സ്ഥലം ഉറപ്പാക്കുക, അനധികൃത പാർക്കിങ് നിയന്ത്രിക്കുക, ബസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് സഹായം ലഭ്യമാക്കുക, ത്രിവേണിയിൽ വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും ഒരുക്കുക എന്നിവയ്ക്കും പ്രാധാന്യം നൽകും.
തിരക്ക് നിയന്ത്രിക്കുന്നതിനും ബസുകൾ സമയബന്ധിതമായി വിന്യസിക്കുന്നതിനുമായി പമ്പ കൺട്രോൾ റൂമുമായുള്ള ഏകോപനം ശക്തിപ്പെടുത്തും. തീർഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങൾ വിലയിരുത്തി പമ്പയിലും നിലയ്ക്കലിലും ആവശ്യാനുസരണം അധിക ബസുകൾ ക്രമീകരിക്കും. നിലയ്ക്കൽ–പമ്പ റൂട്ടിലെയും മറ്റ് പ്രധാന കേന്ദ്രങ്ങളിലെയും അനധികൃത സമാന്തര സർവീസുകളും പാർക്കിങ്ങും നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടിയെടുക്കും. പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളും ചേരും. ഭക്തർക്ക് പരാതിരഹിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.



