കൂടത്തിൽ കൊലപാതക കേസ്…ബ്രെയിൻ മാപ്പിങ്ങിലൂടെ ആദ്യമായി പ്രതിയെ കുടുക്കി കേരളപോലീസ്….

തിരുവനന്തപുരം: തലച്ചോറിൽനിന്ന് നേരിട്ട് തെളിവുകൾ പിടിച്ചെടുക്കുന്ന ബ്രെയിൻ മാപ്പിങ്ങിലൂടെ ആദ്യമായി പ്രതിയെ കുടുക്കി കേരളപോലീസ്. ഒൻപതരവർഷം പോലീസിനെ ചുറ്റിച്ച കൂടത്തിൽ കൊലപാതകപരമ്പരയിലെ പ്രതി രവീന്ദ്രൻനായരാണ് ബെംഗളൂരുവിലെ കേന്ദ്രത്തിൽനടന്ന ബ്രെയിൻ മാപ്പിങ്ങിൽ കുടുങ്ങിയത്.
അറിയാത്ത കാര്യങ്ങളോടും അറിയാവുന്നവയോടും തലച്ചോർ പ്രതികരിക്കുന്ന വ്യത്യസ്ത ഫ്രീക്വൻസികളാണ് ഇവിടെ ‘സാക്ഷ്യം പറയുക’. ആ തരംഗങ്ങളെ കംപ്യൂട്ടർ സോഫ്റ്റ്വെയർ ഉത്തരമാക്കി മാറ്റും. കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടേതുൾപ്പെടെയുള്ള ദുരൂഹമരണങ്ങളിൽ പ്രതി രവീന്ദ്രനാണെന്ന് ഉറപ്പിച്ചിട്ടും പോലീസിന് ഉറച്ച തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പ്രതിയെ ബെംഗളൂരുവിലെത്തിച്ച് ‘ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ്’ എന്ന ബ്രെയിൻ മാപ്പിങ്ങിന് മുതിർന്നതെന്ന് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് കമ്മിഷണർ എം.ഐ. ഷാജി പറഞ്ഞു.




