കുരുമുളകിന് പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില….

കുരുമുളക് വിപണിയിൽ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില. വില കുത്തനെ ഉയർന്ന് 705 രൂപയിലാണ് എത്തിയത്. ഒൻപതുവർഷം മുൻപ് 700 രൂപയിലെത്തിയതാണ് കഴിഞ്ഞ കാലങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ, പിന്നീട് കുരുമുളകുവില പലപ്പോഴായി കുത്തനെ ഇടിഞ്ഞു.കോവിഡ് ഒന്നാംതരംഗത്തിലാണ് ആദ്യം വില ഇടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില. 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപവരെയെത്തിയെങ്കിലും, പിന്നീട് ഒമിക്രോൺ കോവിഡ് രണ്ടാംതരംഗത്തിൽ വിലയിടിഞ്ഞ് 370-390 രൂപയിലെത്തി.

2021 ഒക്ടോബറിൽ കുരുമുളകുവില വീണ്ടും ഉയർന്നുതുടങ്ങി. 2023 ജൂലായ്‌ രണ്ടാംവാരം ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലായ്‌ 26 ആയപ്പോഴേക്കും 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിക്കാൻ തുടങ്ങി. പിന്നീട് കുരുമുളകുവില നേരിയതോതിൽ ഉയരുകയായിരുന്നു. നിലവിൽ കർഷകരുടെ കൈയിൽനിന്ന്‌ കിലോയ്ക്ക് അഞ്ചുരൂപവരെ അധികം നൽകി സ്റ്റോക്കുചെയ്യാനായി കുരുമുളകെടുക്കുന്ന ഇടനിലക്കാരും സജീവം.

Related Articles

Back to top button