79കാരിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്… അയൽവാസി കസ്റ്റഡിയിൽ

തൃശൂർ: കാറളത്ത് 79കാരിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസിയായ റാഫി പൊലീസ് കസ്റ്റഡിയിൽ. കാറളം സ്വദേശിനി സാവിത്രിയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മോഷണം നടത്തുന്നതിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രവാസി മലയാളിയായ റാഫി സാവിത്രിയുടെ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കാറളം മൃഗാശുപത്രിക്ക് സമീപമുള്ള വീട്ടിൽ സാവിത്രി തനിച്ചുണ്ടായിരുന്ന സമയത്തായിരുന്നു കൊലപാതകം. ഭർത്താവ് വിജയൻ, മകനും മരുമകളും ഒപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. സ്കൂൾ വിട്ടെത്തിയ ചെറുമകളാണ് സാവിത്രിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളുമുണ്ടായിരുന്നു. സാവിത്രി ധരിച്ചിരുന്ന അഞ്ച് വളകൾ, അഞ്ച് പവന്റെ മാല, സ്വർണമോതിരം എന്നിവയുൾപ്പെടെ ആകെ 16 പവൻ സ്വർണാഭരണങ്ങൾ കവർന്നതായാണ് പൊലീസ് പറയുന്നത്.
വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. മോഷണത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മോഷണത്തിന്റെ കൂടുതൽ വിവരങ്ങളും കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.



