‘മോദിക്ക് ഗ്യാനേഷ് ത്രിവർണ്ണ പതാകയെക്കാൾ പ്രധാനമാണോ?’…. അഭിഷേക് ദീപ്കെ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ ചോദിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമം നടത്തിയെന്നും പ്രതിഷേധങ്ങളെ കേന്ദ്രം ഭയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ മോദിക്ക് വിജയം നേടിക്കൊടുത്തതിനുള്ള പ്രത്യുപകാരമാണോ ഗ്യാനേഷ് കുമാറിന് ലഭിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഒരു പാർട്ടിയുടെ ആധിപത്യം ഉറപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അഭിഷേക് ദീപ്കെ ആരോപിച്ചു. ഡൽഹിയിൽ ഗതാഗത നിയന്ത്രണങ്ങളും ട്രെയിനുകൾ നിർത്തിവെച്ചതും പ്രതിഷേധങ്ങളെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ദേശീയ പതാകയേന്തിയുള്ള പ്രതിഷേധങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും മോദിക്ക് ഗ്യാനേഷ് കുമാർ ദേശീയ പതാകയെക്കാൾ പ്രധാനമാണോയെന്നും ദീപ്കെ ചോദിച്ചു. ബിജെപി ദേശീയ പതാകയെ അപമാനിക്കുകയാണെന്ന് ഐഷി ഘോഷ് ആരോപിച്ചു. ജനാധിപത്യത്തെ അപമാനിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ഏകാധിപത്യത്തിന് സമാനമായ സാഹചര്യമാണെന്നും അവർ വിമർശിച്ചു.
വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാകില്ലെന്നും എല്ലാവരും ദേശീയ പതാകയേന്തി ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ട സമയമാണിതെന്നും ഐഷി ഘോഷ് പറഞ്ഞു. പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇത് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണെന്ന് എഐഎസ്എഫ് നേതാവ് വിരാജ് പറഞ്ഞു. ദേശീയ പതാകയ്ക്ക് കീഴിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും പ്രതിഷേധക്കാരെ ആക്രമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ രാജിവയ്ക്കേണ്ടിവരുമെന്നും വിരാജ് പറഞ്ഞു. ഡൽഹി പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണവുമായി ASAP നേതാവ് ഇഷ്ണ ഗുപ്തയും രംഗത്തെത്തി. രാജ്യത്തിന് അപമാനകരമായ സംഭവങ്ങളാണ് നടക്കുന്നതെന്നും പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.



