ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിന് ഇനി കൂടുതൽ തുക നൽകേണ്ടിവരും; ഫീസ് ഇരട്ടിയാക്കാൻ ദേവസ്വം ബോർഡ് നീക്കം

ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി ഇരട്ടി തുക നൽകേണ്ടിവരും. നിലവിൽ അഞ്ച് രൂപയായ ബുക്കിങ് ഫീസ് 10 രൂപയായി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നിരക്ക് വർധന സംബന്ധിച്ച് ബോർഡിൽ ധാരണയായതായാണ് വിവരം. തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറി ഉപയോഗം പൂർണമായും സൗജന്യമാക്കുന്നതിനായാണ് ബുക്കിങ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം.

നിരക്ക് വർധന നിലവിൽ വരികയാണെങ്കിൽ ഭക്തർക്ക് പമ്പയിൽ പണം നൽകാതെ ശുചിമുറി ഉപയോഗിക്കാനാകും. എന്നാൽ വെർച്വൽ ക്യൂ ബുക്കിങ് ഫീസ് വർധിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നിട്ടുണ്ട്. അതേസമയം, ഭക്തർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന മാറ്റമെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.

തിരക്കുള്ള തീർഥാടനകാലത്ത് ദർശനത്തിനായി എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ഭക്തർക്ക് ഓൺലൈനായി മുൻകൂട്ടി ദർശനം ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. നിലവിൽ ഇതിനായി അഞ്ച് രൂപയാണ് ഈടാക്കുന്നത്. ഈ തുക ഇരട്ടിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. എന്നാൽ നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി ലഭിക്കുകയും തുടർനടപടികൾ പൂർത്തിയാകുകയും ചെയ്താൽ മാത്രമേ പുതിയ നിരക്ക് നിലവിൽ വരൂ.

Related Articles

Back to top button