ഒഡീഷ ടു കൊച്ചി…. വൻ കഞ്ചാവ് കടത്ത് ശൃംഖലയിലെ കണ്ണി പിടിയിൽ

കൊച്ചി: കലൂരിൽ 50 ലക്ഷം രൂപ വിപണിമൂല്യം വരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് സ്വദേശിയായ അബ്ദുൽ ഹായ് മൊല്ലയെയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയത്. നാർകോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് പ്രാദേശിക ചെറുകിട കച്ചവടക്കാർക്കും മൊത്തവിതരണക്കാർക്കും കൈമാറുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ഒഡീഷയിൽ പ്രതിക്ക് കഞ്ചാവ് നൽകിയ വ്യക്തിയെക്കുറിച്ചും കൊച്ചിയിൽ ഇയാളിൽ നിന്ന് ലഹരിവസ്തുക്കൾ കൈപ്പറ്റുന്ന മലയാളി മൊത്തവിതരണക്കാരെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുനാളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി ഒഡീഷയിൽനിന്ന് വീണ്ടും കഞ്ചാവുമായി എത്തിയപ്പോഴാണ് പിടിയിലായത്. നിലവിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിലൂടെ ലഹരിക്കടത്ത് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കഞ്ചാവ് വിതരണം ചെയ്തവരെയും വാങ്ങിയവരെയും കണ്ടെത്തുന്നതിനുള്ള തുടർനടപടികളും പുരോഗമിക്കുകയാണ്.

Related Articles

Back to top button