മൃദംഗ വിസ്മയം പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു….

പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് മൃദംഗവാദനത്തിലെ സവിശേഷ സാന്നിധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ ദൊരൈ. എട്ടാം വയസ്സിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളമൊരുക്കിയാണ് മൃദംഗവാദനത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എട്ടു പതിറ്റാണ്ടിലേറെക്കാലം സംഗീതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1935 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിതനായതിനെ തുടർന്ന് പഠിത്തം തടസപ്പെട്ടു. തുടർന്ന് അച്ഛനാണ് മൃദംഗ പഠനത്തിലേക്ക് വഴിതിരിച്ചുവിട്ടത്.



