എകെജി സെന്റർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്, രാവിലെ 10 മണിക്ക്….

എ കെ ജി സെന്ററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്ന പരാതിയില്‍ ആണ് നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസില്‍ദാർ ആവശ്യപ്പെട്ടു. 1977 ല്‍ എ കെ ആന്റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികള്‍ ഉയർന്നതോടെ വിവാദമായി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഭൂമി അളക്കാനുള്ള നടപടിക്ക് തുടക്കമായത്.



