ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് ഹർത്താൽ, തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം

നഗരസഭാ ചെയർമാൻ ഇവി രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും ചേർന്ന് മർദിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഇന്ന് കോൺഗ്രസ് ഹർത്താൽ. ഹർത്താലിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ ടൗണിലെ കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടപ്പിച്ചു. അതേസമയം വാഹനങ്ങൾ തടഞ്ഞിട്ടില്ല.
ഇന്നലെ ശ്രീകണ്ഠാപുരം ടൗണിൽ കോൺഗ്രസ്- സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസിന്റെ കൊടിമരം ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ നഗരസഭാ ചെയർമാൻ ഇ.വി രാമകൃഷ്ണനെ പോലീസും സിപിഎം പ്രവർത്തകരും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ നഗരസഭാ ചെയർമാനാണ് സ്ഥലത്ത് സംഘർഷമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ വാദം.


