‘മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായത് സംഘടിത ആക്രമണശ്രമം’… മന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ. ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം. തളിപ്പറമ്പിലും പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.
മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും വാഹനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്ത സംഭവം ഗൗരവമുള്ളതാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. അഞ്ചിടങ്ങളിൽ വച്ച് മന്ത്രിയുടെ വാഹനത്തെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായുള്ള വിവരം കൂടുതൽ ഗൗരവത്തോടെ കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യപരമായി അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ മന്ത്രിക്കെതിരെ സംഘടിതമായി ആക്രമണശ്രമം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്നും ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മന്ത്രിമാർക്കെതിരെ തുടർച്ചയായി ആക്രമണശ്രമങ്ങൾ നടത്തി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ നിന്ന് അണികളെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.



