മുണ്ടംവേലി ഫ്ലാറ്റ് വിവാദം: നിർമ്മാണ പിഴവിൽ ജിസിഡിഎയെ പഴിചാരി നിർമാണ കമ്പനി

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണത്തിലെ വിവാദങ്ങളിൽ ജി.സി.ഡി.എയെ കുറ്റപ്പെടുത്തി കരാർ കമ്പനിയായ ടി.ഡി.എൽ.സി. നിർമ്മാണത്തിലുണ്ടായ പിഴവുകൾക്ക് കാരണം ജി.സി.ഡി.എ വരുത്തിയ മാറ്റങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി അധികൃതർക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവിട്ടു. റൂഫിങ് ഷീറ്റ് ഒഴിവാക്കുക, ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഉപയോഗിക്കുക, സൺഷേഡുകളുടെ പ്രൊജക്ഷൻ കുറയ്ക്കുക തുടങ്ങി പ്രധാന ഡിസൈൻ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചത് ജി.സി.ഡി.എയാണെന്നും മാലിന്യസംസ്കരണത്തിനായി ഉദ്ദേശിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് വെട്ടിച്ചുരുക്കി സെപ്റ്റിക് ടാങ്കാക്കി മാറ്റിയതും ജി.സി.ഡി.എയുടെ തീരുമാനമായിരുന്നു എന്ന് കമ്പനി വ്യക്തമാക്കുന്നു.

2020 ഒക്ടോബർ 10-നാണ് 86 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി കരാർ ഒപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതി തുകയും സൗകര്യങ്ങളും വെട്ടിച്ചുരുക്കി കരാർ തുക 14.61 കോടി രൂപയിലേക്ക് ജി.സി.ഡി.എ കുറയ്ക്കുകയായിരുന്നു. തുടർന്ന് 90 ശതമാനം നിർമ്മാണപ്രവൃത്തികളും പൂർത്തിയാക്കി 2024-ൽ ടി.ഡി.എൽ.സി പണി അവസാനിപ്പിച്ചു. ആകെ 13.25 കോടി രൂപയുടെ ബില്ല് സമർപ്പിച്ചെങ്കിലും 11.72 കോടി രൂപ മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ജി.സി.ഡി.എയുടെ ഈ നടപടികൾ കാരണം തങ്ങൾക്ക് ആകെ 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടി.ഡി.എൽ.സി ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button