എസ്‌ഐആർ വിവാദം… തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ട്…

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ എൻഡിഎയിൽ നിന്ന് തന്നെ കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ട് ഘടകകക്ഷികൾ രംഗത്ത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെതിരെ ഉയർന്ന ചോദ്യങ്ങളിൽ വ്യക്തത വേണമെന്നാണ് ലോക് ജനശക്തി പാർട്ടി (റാം വിലാസ്), തെലുഗുദേശം പാർട്ടി, രാഷ്ട്രീയ ലോക് മോർച്ച എന്നിവയുടെ നിലപാട്.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത നൽകണമെന്നും ആർഎൽഎം നേതാവ് ഉപേന്ദ്ര കുശ്വാഹ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നത് ജനവിശ്വാസത്തെ ബാധിക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാനും വ്യക്തമാക്കി. കമ്മീഷൻ നിലപാട് വ്യക്തമാക്കുന്നത് പൊതുജന വിശ്വാസം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ടിഡിപിയും ചൂണ്ടിക്കാട്ടി.

അതേസമയം, കമ്മീഷനെതിരായ ആരോപണങ്ങൾ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ നിലപാട്. വിവാദങ്ങളെ നേരിടാൻ വിവിധ പ്രചാരണ പരിപാടികൾക്ക് ബിജെപി രൂപം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾ കമ്മീഷൻ തള്ളുകയാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ആന്തരിക ചർച്ചകളുടെ സ്വാഭാവിക ഭാഗമാണെന്നും എസ്‌ഐആർ ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button