മെസിയുടെ പേരിൽ തട്ടിപ്പ്… ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന്…

കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പൊലീസ്. ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. നോട്ടിസ് നൽകി ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനാണ് നിലവിലെ തീരുമാനമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇതോടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയുമാണ്. ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന പൊലീസ് നിലപാടോടെയാണ് ഹർജി തീർപ്പാക്കിയത്. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന പ്രചാരണത്തിനായി വ്യാജരേഖകൾ ചമച്ചെന്ന പരാതിയിലും ആന്റോ അഗസ്റ്റിനെതിരെ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് കേസ്. ഈ കേസിലും ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Related Articles

Back to top button