ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിച്ചിൽ… 30 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞു… 3 വീടുകൾ…

വടകര: പലതവണ മണ്ണിടിച്ചിലുണ്ടായ മുക്കാളി ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഏകദേശം 30 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്. താഴെ സംരക്ഷണഭിത്തി നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയുടെ നിർമാണം ആരംഭിച്ചതിന് ശേഷം പലതവണ മണ്ണിടിഞ്ഞ അതേ ഭാഗത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

ഇതോടെ പുനത്തിൽ സനൽ, പുനത്തിൽ വി.കെ. ദേവരാജ്, പുനത്തിൽ കൈതക്കുന്ന് അഭിലാഷ് എന്നിവരുടെ വീടുകൾ അപകടഭീഷണിയിലായി. വീടുകളുടെ മുൻഭാഗത്തേക്ക് വരെ വിള്ളൽ വ്യാപിച്ചു. ദേവരാജിന്റെ വീടിന്റെ മതിലും ഗേറ്റും തകർന്നതോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മണ്ണിടിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി. ഇന്ന് രാവിലെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ രാവിലെ 10ന് വീണ്ടും ദേശീയപാത ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സംരക്ഷണഭിത്തിയുടെ നിർമാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ അടിവശം തുരന്ന് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഇവിടെ ആരംഭിച്ചിരുന്നു. ഇന്നലെ രാത്രി പെയ്ത മഴയും മണ്ണിനടിയിലെ ഉറവയും കൂടിയായതോടെയാണ് വീണ്ടും മണ്ണിടിഞ്ഞതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംരക്ഷണഭിത്തിയുടെ നിർമാണം മേയിൽ തന്നെ പൂർത്തിയാക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വീടുകൾ അപകടഭീഷണിയിലായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button