ചിറയിൻകീഴ് കയ്യാങ്കളി… കെപിസിസി അധ്യക്ഷനുമായി രമ്യയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിഷയത്തിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ കാണാൻ രമ്യ ഹരിദാസ് എംഎൽഎ എത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ചിറയിൻകീഴ് സംഭവത്തിൽ അന്വേഷണ സമിതി കണ്ടെത്തലുകൾ ശുപാർശകളായി കെപിസിസി അധ്യക്ഷന് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സംബന്ധിച്ച തീരുമാനം കെപിസിസി അധ്യക്ഷനാണ് സ്വീകരിക്കുക. നടപടി സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അധ്യക്ഷൻ മാധ്യമങ്ങളെ അറിയിക്കും.

സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് നേരത്തെ കെപിസിസി ഭാരവാഹി യോഗത്തിൽ എം.എം. ഹസൻ വ്യക്തമാക്കിയിരുന്നു. രമ്യയുടെ നടപടികൾ ഉചിതമായില്ലെന്ന വിമർശനവും യോഗത്തിലുണ്ടായി. ഒരു ജനപ്രതിനിധി ചെയ്യാൻ പാടില്ലാത്ത നടപടിയാണ് ഉണ്ടായതെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടതായാണ് വിവരം. രമ്യ ഹരിദാസിനെ പിന്തുണച്ച് ആരും നിലപാട് സ്വീകരിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ രമ്യ ഹരിദാസ് കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്. രമ്യക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് കൂടിക്കാഴ്ച. എന്നാൽ അന്തിമ തീരുമാനം കെപിസിസി അധ്യക്ഷന്റേതായിരിക്കും.

Related Articles

Back to top button