സുഹൃത്തുക്കൾ തമ്മിൽ ഫോണിലെ തർക്കം… സുഹൃത്തിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി…

എറണാകുളം: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കക്കാട് സ്വദേശി അരുൺ (31) ആണ് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ജിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾക്കും ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം.
അരുണും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് ജിഷ്ണുവിന്റെ അമ്മയായിരുന്നു. സംസാരിക്കുന്നതിനിടെ അരുൺ ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിച്ചെന്നാണ് ആരോപണം. ഇതിനെ തുടർന്ന് ജിഷ്ണു സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച അർധരാത്രിയോടെ അരുണിന്റെ വീട്ടിലെത്തി. വീട്ടിൽവെച്ച് വാക്കുതർക്കമുണ്ടായതിന് പിന്നാലെ ജിഷ്ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തീകൊളുത്തുന്നതിനിടെ ജിഷ്ണുവിനും സാരമായി പൊള്ളലേറ്റു. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നാല് പേർ പ്രതികളാണെന്നാണ് പൊലീസ് അറിയിച്ചത്. ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



