അനധികൃത സ്വത്ത് സമ്പാദന കേസ്… മുൻ ഡിജിപി ടോമിൻ തച്ചങ്കരി…

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. 2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ ഏഴ് വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസാണ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയത്തേക്കും മാറ്റിയത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്നാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയത്. വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെയായിരുന്നു വിചാരണ. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണ് കേസിൽ ഉൾപ്പെട്ടതെന്നും അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സമർപ്പിച്ച ഹർജിയും വിജിലൻസ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.



