ജിന്ന് മന്ത്രിച്ചൂതിയ പഴത്തിന് 2500 രൂപ; തിരുനാവായയിൽ വ്യാജ ചികിത്സാകേന്ദ്രം….

ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന അവകാശവാദവുമായി മലപ്പുറം തിരുനാവായയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ‘ജിൻ മഹർ’ എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്.
ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകും, ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് സ്ഥാപനം നാട്ടുകാരെ പറ്റിച്ചിരുന്നത്. ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് സ്ഥാപനം നടത്തിയിരുന്നത്.
നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നത്. ആഴ്ചകൾ കഴിയുംതോറും വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ജമാലുദ്ദീനെ കൂടാതെ ‘ജിന്ന്’ ആയി വേഷമിട്ട ഒരാളടക്കം മൂന്നു പേരാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം.



