നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് തകർന്നുവീണ് വൻ അപകടം. അപകടത്തിൽ പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. നാല് തൊഴിലാളികളെ ഇതിനകം രക്ഷപ്പെടുത്തി.
ബുധനാഴ്ച രാത്രി ഒൻപതോടെയാണ് കുദാസൻ മേഖലയിലെ നിർമാണസ്ഥലത്ത് അപകടമുണ്ടായത്. കെട്ടിടത്തിൽ ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇത് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം.
അപകടസമയത്ത് 15ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. സ്ലാബ് തകർന്നുവീണതോടെ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.



