മദ്യപിക്കുന്നതിനിടെജീവനക്കാരനുമായി തർക്കം….ഫോർക്ക് കൊണ്ട് കുത്തി… ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ ബാറിലെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാർ കരുംകുളം സ്വദേശി നിഥിൻ (38) ആണ് അറസ്റ്റിലായത്. കുളത്തൂർ ഗുരുനഗറിന് സമീപത്തെ ബാറിൽ കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാർ ജീവനക്കാരൻ കണിയാപുരം സ്വദേശി വിഷ്ണു ചികിത്സയിലാണ്.
നിഥിനടക്കമുള്ള സംഘം മദ്യപിക്കുന്നതിനിടെ, ബില്ലുമായെത്തിയ ബാർ ജീവനക്കാരനുമായി തർക്കമുണ്ടായി. വിഷ്ണുവിനെ ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. ഫോർക്കു കൊണ്ട് വിഷ്ണുവിന്‍റെ കണ്ണിന് നേർക്ക് കുത്തിയത് തടയാൻ ശ്രമിക്കുന്നതിനിടെ വലത് നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ നെഞ്ചിലും തലയിലും മർദ്ദിച്ചു. വലതുകൈയിലെ ചൂണ്ടുവിരൽ കടിച്ചു മുറിച്ചെന്നും കണ്ണിന് നേരേയുള്ള കുത്ത് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും തുമ്പ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിഥിനെ പിടികൂടിയത്. മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.



