ഇനിയെങ്കിലും എന്നെ വെറുതെ വിടണം… ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു, പക്ഷേ… ഡൽഹിയിൽ പോകാതിരുന്നത്’…

പാലക്കാട്: ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണമാണെന്ന് വിശദീകരിച്ച് രമ്യ ഹരിദാസ് എംഎൽഎ. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെന്നും എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം പോകാൻ കഴിഞ്ഞില്ലെന്നും രമ്യ പറഞ്ഞു. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും ഇനിയെങ്കിലും തന്നെ വെറുതെ വിട്ടുകൂടേയെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. സംഘടനയ്ക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അവർ പറഞ്ഞു.

അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് രമ്യ പ്രതികരിക്കാൻ തയ്യാറായില്ല. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നിൽ രമ്യ ഹരിദാസ് നേരിട്ട് ഹാജരാകാതിരുന്നത് നേരത്തെ വിവാദമായിരുന്നു. ഡൽഹിയിലായതിനാലാണ് രമ്യ ഹാജരാകാതിരുന്നതെന്ന് അന്വേഷണസമിതി അധ്യക്ഷൻ എം.എം. ഹസൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ പാലക്കാട് നടന്ന വിവാഹച്ചടങ്ങിൽ രമ്യ പങ്കെടുത്തതായും തുടർന്ന് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഡൽഹി യാത്ര സംബന്ധിച്ച വിശദീകരണം വീണ്ടും ചർച്ചയായത്.

അതേസമയം രമ്യ ഹരിദാസിനെതിരെ കടുത്ത നടപടി സ്വീകരിക്കാതെ വിവാദം ഒതുക്കാനുള്ള നീക്കം നടക്കുന്നതായാണ് സൂചന. നടപടി താക്കീതിൽ ഒതുക്കാൻ തീരുമാനിച്ചതായും വിവരമുണ്ട്. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി സ്വീകരിച്ചാൽ പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. രമ്യ ഹരിദാസാണ് ആദ്യം സജിത്തിനെ മർദിച്ചതെന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സജിത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.

Related Articles

Back to top button