‘സ്ത്രീകൾ വീട്ടിലിരിക്കണം’…. കാന്തപുരത്തിന്റെ പ്രസ്താവന തള്ളി ഐ.എസ്.എം

കോഴിക്കോട്: സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് ശക്തമായി വിയോജിച്ച് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. കാന്തപുരം നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായം പറയാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെങ്കിലും സ്ത്രീകളെ വീട്ടിലിരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് അർഹതയില്ലെന്ന് ഷുക്കൂർ സ്വലാഹി പറഞ്ഞു. അവകാശലംഘനം ആര് പറഞ്ഞാലും തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്ത പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളാണെന്നും അതിന്റെ തുടർച്ചയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും ഷുക്കൂർ സ്വലാഹി വിമർശിച്ചു. സമസ്തയിലെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കാന്തപുരത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരം തന്റെ നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. പ്രസംഗത്തിലെ വാക്കുകൾ തിരുത്താൻ കാന്തപുരം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രി പറഞ്ഞ ചരിത്രപരമായ കാര്യങ്ങളിൽ ചില തിരുത്തലുകൾ ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണെന്നും ഷുക്കൂർ സ്വലാഹി കൂട്ടിച്ചേർത്തു. അതേസമയം, സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുകയാണെന്ന് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അണികളോട് സംയമനം പാലിക്കാനും കാന്തപുരം ആഹ്വാനം ചെയ്തു.
ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണെന്നും ഇതിലൂടെ സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താൽപര്യങ്ങൾ തിരിച്ചറിയണമെന്നും അറിവന്വേഷണം അട്ടിമറിക്കാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്നും കാന്തപുരം ആരോപിച്ചു. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും വിഷയത്തിൽ ഇടപെടണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഇന്നലെ തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ലെന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഫേസ്ബുക്ക് പോസ്റ്റ് വന്നത്. അതേസമയം, നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് കാന്തപുരം കൂടുതൽ വിശദീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.



