വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു… കായംകുളം ഇൻകാസ് ദേശീയ സെക്രട്ടറിക്കെതിരെ….

കായംകുളം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ ദേശീയ സെക്രട്ടറി സി.എ. ബിജുവിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. കായംകുളം സ്വദേശിയായ ബിജു കായംകുളത്തും ദുബായിലും വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് യുവതിയുടെ പരാതി.
2025 ജൂലൈയിലാണ് പരാതിക്ക് കാരണമായ സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. യുവതിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്താണ് ബിജു വിവാഹ വാഗ്ദാനവുമായി സമീപിച്ചതെന്നും സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. മദ്യവും മയക്കുമരുന്നും നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദുബായ് പൊലീസിലും കായംകുളം പൊലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്. കായംകുളം പൊലീസ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെക്കുറിച്ചും കായംകുളത്തും ദുബായിലും നടന്നതായി പറയുന്ന സംഭവങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും.



