‘മടുത്തു തുടങ്ങി ഈ നശിച്ച തൊഴിൽ, രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് പറഞ്ഞിട്ടല്ല വീട്ടിൽ നിന്ന് ഇറങ്ങുന്നത്’..

മെഡിക്കൽ കോളജിൽ ആൻജിയോഗ്രാമിനിടെയുണ്ടായ സങ്കീർണതയെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ സൂപ്രണ്ടിന് പരാതി നൽകിയ സംഭവത്തിൽ വൈകാരിക കുറിപ്പുമായി കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായർ. രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേടിനെയും ഡോക്ടർമാർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചുമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.ആൻജിയോഗ്രാം ചെയ്യുമ്പോൾ മരണം വരെയുള്ള സങ്കീർണതകൾ സംഭവിക്കാം. സങ്കീർണതകൾ ആർക്ക് എപ്പോൾ വേണമെങ്കിലും വരാം. അത് ആരും അറിഞ്ഞുകൊണ്ട് വരുത്തിവെക്കുന്നത് അല്ല. സങ്കീർണതകൾ ഇല്ലാത്ത ശസ്ത്രക്രിയയും ചികിത്സയും മെഡിക്കൽ വിഭാഗത്തിൽ ഇല്ലെന്ന് എല്ലാവരും ഓർക്കണം. ഇന്ന് രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂവെന്ന് പറഞ്ഞിട്ടല്ല ഡോക്ടർമാർ വീട്ടിൽ നിന്നും ഇറങ്ങുന്നത്. മടുത്തു തുടങ്ങി ഈ നശിച്ച തൊഴിലെന്നും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഡോ. രാജേഷ് പോസ്റ്റിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ദ്രോഹികളുടെ ആയുധങ്ങളെക്കാൾ ശക്തമായത് അവന്റെ പ്രിയപ്പെട്ടവരുടെ നന്ദികേടായിരുന്നു. അത് അവനെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. അതിനുശേഷമാണ് ആ ശക്തമായ ഹൃദയം തകർന്നുപോയത്…’ മാക്ബത്തിൽ ഷേക്സ്പിയറിന്റെ വരികളാണ്.
രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേട് ചിലപ്പോൾ നമ്മെ തളർത്തിക്കളയും. കേരളത്തിൽ ഏറ്റവും കൂടുതൽ ആൻജിയോഗ്രാമും മറ്റു ചികിത്സകളും നൽകുന്ന രണ്ടാമത്തെ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഹൃദ്രോഗ വിഭാഗത്തിൽ എന്നല്ല മെഡിക്കൽ രംഗത്തെ ഏതു വിഭാഗത്തിലെയും ചികിത്സകൾ അപകടം നിറഞ്ഞതാണ്. കോംപ്ലിക്കേഷൻസ് ഇല്ലാത്ത ഒരു ചികിത്സയും പരിശോധനയും ഇല്ല.
കഴിഞ്ഞ ദിവസം ആൻജിയോഗ്രാമിന് വിധേയനായ ഒരു രോഗിക്ക് 4 ബ്ലോക്കുകൾ ഉണ്ടായിരുന്നു, ബൈപാസ് സർജറി ആവശ്യമായ രോഗി. ആൻജിയോഗ്രാം കഴിഞ്ഞു കത്തീറ്റർ വലതുകയ്യിലെ റേഡിയൽ ധമനിയിൽ മടങ്ങി തിരികെ എടുക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയി. ഞാൻ തന്നെ കയറി പല ടെക്നിക്കുകളും ചെയ്തെങ്കിലും കത്തീറ്റർ തിരികെ എടുക്കാൻ പറ്റാത്ത അവസ്ഥ വന്നു. കാർഡിയാക് സർജറി അസിസ്റ്റന്റ് പ്രൊഫസർ വന്നു രക്തധമനി തുറന്നു കത്തീറ്റർ പുറത്തെടുത്തു.
ബൈപാസ് സർജറിക്കുവേണ്ടി 900ൽ കൂടുതൽ രോഗികൾ കാർഡിയാക് സർജറി വിഭാഗത്തിൽ കാത്തുനിൽക്കുന്നുണ്ട്. എന്നാൽ ഈ രോഗിക്ക് ലെഫ്റ്റ് മെയിൻ ധമനിയിൽ ബ്ലോക്ക് ഉള്ളതിനാൽ സർജറി ഡേറ്റ് നേരത്തെ ആക്കണം എന്ന് ഹൃദ്രോഗ സർജറി വിഭാഗം മേധാവിയോട് ഞാൻ പ്രത്യേകം അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് സൂപ്രണ്ട് ഓഫീസിൽ നിന്നും രോഗിയുടെ ഭാര്യയുടേതായ പരാതി വന്നിരിക്കുന്നു, കോംപ്ലിക്കേഷൻ വന്നതിനു നടപടി വേണമെന്ന്. ഒരു ആൻജിയോഗ്രാം ചെയ്യുമ്പോൾ മരണം വരെയുള്ള കോംപ്ലിക്കേഷൻസ് വരാം എന്ന് അമേരിക്കയിലെ ആശുപത്രിയിലെ കണക്കുകൾ പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നതാണ് താഴെ കാണുന്നത്. അതിൽ രക്തധമനിയുടെ കോംപ്ലിക്കേഷൻസ് 0.43% എന്ന് കാണിച്ചിരിക്കുന്നത് വായിക്കുക.
ഡോക്ടർമാർ ആരും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇന്ന് ഞാൻ രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് ഭാര്യയോട് പറഞ്ഞിട്ടല്ല വരുന്നത്. കോംപ്ലിക്കേഷൻസ് എപ്പോൾ വേണമെങ്കിലും ആർക്കും വരാം. അത് അറിഞ്ഞുകൊണ്ട് ആരും വരുത്തി വെക്കുന്നതല്ല. കോംപ്ലിക്കേഷൻസ് ഇല്ലാത്ത ഒരു ചികിത്സയും ഓപ്പറേഷനും മെഡിക്കൽ വിഭാഗത്തിൽ ഇല്ല എന്ന് എല്ലാവരും ഓർക്കുക.
പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാതെ, ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാതെ രാവിലെ 8 മണി മുതൽ ഇവിടെ വന്നു കഷ്ടപ്പെടുന്നതിന് കിട്ടുന്ന ഇതുപോലെയുള്ള മനോഹരമായ സംഭാവനകൾ ചിലപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം ഉണ്ടാക്കും, എന്റെ പിള്ളാര് ചോദിക്കുന്ന പോലെ നിർത്തിയിട്ട് വല്ല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എവിടെങ്കിലും പോയി കുറച്ച് കാശുണ്ടാക്കരുതോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. എന്റെ രണ്ട് പെൺമക്കളും ഈ തൊഴിൽ വേണ്ടെന്ന് വെച്ചു, ചെറിയ മകൾ MBBS കിട്ടിയിട്ട് വേണ്ടെന്ന് വെച്ചപ്പോൾ എനിക്ക് വിഷമം ആയിരുന്നു, ഇപ്പോ തോന്നുന്നു നന്നായി എന്ന്. രണ്ടാളും എപ്പോഴും ചോദിക്കാറുണ്ട്, അച്ഛന് ഇത് നിർത്തിയിട്ട് വല്ല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പോയി കുറച്ചുകാലം ജോലി നോക്കിക്കൂടെ എന്ന്. ഞാനും ഇപ്പോൾ ആ കാര്യം ഗഹനമായി ആലോചിക്കാൻ തുടങ്ങിയിട്ടുണ്ട്.
രാവിലെ ഇറങ്ങുമ്പോൾ പൂജാമുറിയുടെ മുന്നിൽ ഒരു നിമിഷം നിൽക്കുമ്പോഴും എല്ലാ ക്ഷേത്രങ്ങളിൽ പോകുമ്പോഴും എന്റെ പ്രാർത്ഥന ഒരേ കാര്യമാണ് ”താങ്ങാൻ പറ്റാത്തതൊന്നും വരല്ലേ, എന്റെ കൈകൊണ്ട് മറ്റാർക്കും ഒരു ദ്രോഹവും അറിഞ്ഞോ അറിയാതെയോ വരല്ലേ”. മടുത്തു തുടങ്ങി ഈ നശിച്ച തൊഴിൽ, ഇനി 4 വർഷം കൂടെ, ഓർക്കാൻ വയ്യ. എനിക്കിഷ്ടമാണ് പഠിപ്പിക്കാൻ, അതുകൊണ്ട് മാത്രം കടിച്ചുതൂങ്ങുന്നു.
ശൈത്യകാലത്തെ തണുത്ത കാറ്റ് എത്ര കഠിനമായി വീശി അടിച്ചാലും, അത് മനുഷ്യന്റെ നന്ദികേടിനേക്കാൾ ക്രൂരമല്ല എന്നും പറഞ്ഞിട്ടുണ്ട് ഷേക്സ്പിയർ. അദ്ദേഹം കണ്ട അക്കാലത്തെ മനുഷ്യരും ഇപ്പോഴത്തെ മനുഷ്യരും എല്ലാം ഒരേ തൂവൽ പക്ഷികൾ.




