‘വെള്ളാപ്പള്ളി ഈഴവന്റെ ഈശ്വരൻ’ എന്ന് പറഞ്ഞിട്ടുണ്ട്; ഇത്ര ദുഷ്ടനാണെന്ന് അന്ന് അറിയില്ലായിരുന്നു.

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് ഗോകുലം ഗോപാലൻ. തൻ്റെ കയ്യിൽ വെള്ളാപ്പള്ളി നടേശനെ പോലെ സമുദായത്തെ ദ്രോഹിച്ച് ഉണ്ടാക്കിയ കാശ് ഇല്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അധ്വാനിച്ച് ഉണ്ടാക്കിയ കാശ് കൊണ്ടാണ് താൻ എല്ലാം കെട്ടിപ്പൊക്കിയത്. സമുദായം മുഴുവൻ എതിരാണെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് സ്റ്റേ വാങ്ങാൻ പോയത്. ഈഴവൻ്റെ ഈശ്വരൻ എന്ന് വെള്ളാപ്പള്ളിയെ പണ്ട് താൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത്ര ദുഷ്ടൻ ആണ് വെള്ളാപ്പള്ളിയെന്ന് അറിയില്ലായിരുന്നുവെന്നും എസ്എൻഡിപി യോഗം പീതവിപ്ലവ സമിതി അവകാശ പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗോകുലം ഗോപാലൻ പറഞ്ഞു.
വെള്ളാപ്പള്ളി മുസ്ലിങ്ങള്‍ക്കെതിരെ പറയുകയാണെന്നും എന്തിനാണ് അത്തരത്തില്‍ വിദ്വേഷ പ്രസംഗമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ തലത്തിലും മുസ്ലിങ്ങളെ ഉപയോഗപ്പെടുത്തിയിട്ട് കുറ്റപ്പെടുത്തുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി സമര്‍ത്ഥനും തന്ത്രശാലിയുമാണ്. പക്ഷെ അത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നില്ല. ഇപ്പോൾ സമൂഹത്തിന് ദ്രോഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. മാവേലിക്കരയിലെ എഞ്ചിനീയറിംഗ് കോളേജിന് വെള്ളാപ്പള്ളി നടേശന്റെ പേരായിരുന്നു. സംസ്കാരമില്ലാത്ത ഒരാളുടെ പേര് കോളേജില്‍ നിന്ന് മാറ്റാന്‍ 60 കോടി രൂപ താന്‍ മുടക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈഴവര്‍ മുഴുവന്‍ വെള്ളാപ്പള്ളി പറഞ്ഞാല്‍ കേള്‍ക്കുമെന്നാണ് ധരിച്ചിരിക്കുന്നതെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.




