ആർത്തലച്ചെത്തുന്ന പ്രളയജലത്തിൽ ആ വീട് അതിജീവിച്ചതെങ്ങനെ?; വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ വൈറൽ

കാഠ്മണ്ഡു: ആർത്തിരിച്ചെത്തുന്ന പ്രളയജലത്തിൽ വാഹനങ്ങളും വീടുകളും കളിപ്പാട്ടങ്ങൾ പോലെ ഒഴുകിപോകുന്ന ദൃശ്യങ്ങൾ വാർത്തകളിലൂടെ കാണാറില്ലേ? ഉയരത്തിൽ നാലുഭാഗത്തുനിന്നും വരുന്ന വെള്ളത്തിൽ വീടുകളും വഴിയും കെട്ടിടങ്ങളുമെല്ലാം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയും അതിനിടയിൽ ഒരു കെട്ടിടവും അതിന്റെ രണ്ടാംനിലയിൽ ഒരു കുഞ്ഞു കുടുംബം സഹായത്തിനായി നിലവിളിക്കുന്ന ഭയപ്പെടുത്തുന്നതും കരളലിയിപ്പിക്കുന്നതുമായ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. മഹാദുരന്തത്തിൽ നിന്ന് കുടുംബം തലനാരിഴയ്ക്ക് അതിജീവിച്ചതിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാകൂ! രണ്ടാം നിലവരെ വെള്ളവും കല്ലും ചെളിയും കുത്തിയൊലിച്ച് എത്തിയിട്ടുപോലും നിലം പതിക്കാതെ നിന്ന ആ വീടും അതിനകത്തെ ജീവനുകളും നേപ്പാൾ പ്രളയത്തിലെ അവിസ്മരണീയ ചിത്രമായി മാറിയിരിക്കുകയാണ്.
സമീപത്തെ കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞിട്ടും ഈ കെട്ടിടം മാത്രം എങ്ങനെ അതിജീവിച്ചു എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനുപുറകിൽ ‘സ്മാർട്ട് എഞ്ചിനീയറി’ങ്ങും അതിനൊപ്പം അനുകൂലമായ മറ്റ് ചില ഘടകങ്ങളും ഉണ്ടായതാണ് തുണച്ചതെന്ന വാദവും ചിലർ പങ്കുവച്ചു. ഇത് വിശദീകരിക്കുന്ന ഒരു എ.ഐ വീഡിയോ ആർക്കിടെക്ച്ചർ പ്രസന്റേഷൻ എന്ന എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് കണ്ടത് ഇതുവരെ 36 ലക്ഷം പേരാണ്.
നേപ്പാളിലെ മലയോര താഴ്വരകളിലെ മിക്ക വീടുകളും പൊതുവേ കോൺക്രീറ്റ് ഫ്രയിം ഇല്ലാതെ കല്ലും മണ്ണും ഉപയോഗിച്ചുള്ള സാധാരണ ‘സ്റ്റോൺ മേസൺറി’ രീതിയിലാണ് നിർമിക്കാറുള്ളത്. ഇവയ്ക്ക് മുകളിൽനിന്നുള്ള ഭാരം താങ്ങാൻ കഴിയുമെങ്കിലും പ്രളയജലവും വലിയ പാറക്കല്ലുകളും പ്രയോഗിക്കുന്ന അതിശക്തമായ വശങ്ങളിൽനിന്നുള്ള മർദം (lateral forces) താങ്ങാൻ കഴിയില്ല. എന്നാൽ പ്രളയത്തെ അതിജീവിച്ച ഈ കെട്ടിടം കോൺക്രീറ്റ് തൂണുകളും ബീമുകളും അടിത്തറയും സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച കോൺക്രീറ്റ് ഫ്രെയിമിലാണ് പണിതിരുന്നത്. പ്രളയവും ചെളിപ്രവാഹവും വന്നിടിച്ചപ്പോൾ ഈ കോൺക്രീറ്റ് ഫ്രെയിം ആ ആഘാതത്തെ ആഗിരണം ചെയ്യുകയും ആ ശക്തിയെ താഴേക്ക് ഭൂമിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ഇത് കെട്ടിടം തകരാതെ നിലനിൽക്കാൻ സഹായിച്ചുവെന്നാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഘടനയ്ക്ക് പുറമെ വീടിന്റെ സ്ഥാനവും അനുകൂലമായിരുന്നു. മലവെള്ളപ്പാച്ചിലിന്റെ പ്രധാന ചാനലിൽനിന്ന് അല്പം മാറിയുള്ള ഉയർന്ന പ്രദേശത്തായിരുന്നു ഈ വീട് സ്ഥിതി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ ഇടുങ്ങിയ രൂപഘടന കാരണം വെള്ളം ഇരുവശങ്ങളിലേക്കും വിഭജിച്ച് ഒഴുകിപ്പോയി. കൂടാതെ, താഴത്തെനിലയിലെ ജനലുകളും വാതിലുകളും തകർന്ന് വെള്ളം അതിലൂടെ സുഗമമായി ഒഴുകിപ്പോയതിനാൽ വെള്ളം ചുവരുകളിൽ കെട്ടിനിന്ന് മർദം സൃഷ്ടിക്കുന്നത് കുറയുകയും ചെയ്തെന്നാണ് വീഡിയോയിൽ നൽകുന്ന വിശദീകരണം.



