‘ഐ.പി.എസ് ട്രെയിനി’യെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്….

കോട്ടയം: ഐ.പി.എസ് ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയനെയാണ് (22) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
വിവിധ പൊലീസ് സ്റ്റേഷനുകളിലും ഐ.പി.എസ് ട്രെയിനിയെന്ന് പരിചയപ്പെടുത്തി യുവാവ് എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് കേസുകളിൽ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഇടനിലനിന്ന് വാഹനം തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. പുതുപ്പള്ളി കൈതേപ്പാലത്തുള്ള ബാറിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും ആദിത്യനെ ആറുമാസം മുൻപ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ. വി.എസ്. ഗിരീഷ്കുമാർ, സി.പി.ഒമാരായ ടി.കെ. രൂപേഷ്, അരുൺകുമാർ, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



