മുറ്റത്ത് കളിച്ചോണ്ടിരുന്ന നാലുവയസുകാരനെ..

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. തിരൂരിൽ വെട്ടംപരിയാപുരം കോവളത്ത് ആണ് ദാരുണസംഭവം. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ വീട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. ഐസാമിനെ ഉടൻതന്നെ തിരൂർ ജില്ലാ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചെങ്കിലും കൈക്ക് സാരമുള്ള പരിക്കുള്ളതിനാൽ ഞായറാഴ്ചയോടെ അഡ്മിറ്റാകുവാൻ ഡോക്ടർമാർ നിർദേശിച്ചതായി വീട്ടുകാർ പറയുന്നു. കുറച്ചുദിവസം മുമ്പ് തൊട്ടടുത്ത പ്രദേശമായ കാനൂരിൽ മൂന്ന് പേരെ തെരുവ് നായ അക്രമിച്ചിരുന്നു.
വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടി ഉണ്ടാവണമെന്ന് പഞ്ചായത്തംഗം സി. സമദ് ആവശ്യപ്പെട്ടു. തെരുവ് നായയുടെ അക്രമം വ്യാപിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.



