കെ.എസ്.ആർ.ടി.സി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു

എം.സി റോഡിൽ വട്ടപ്പാറ കണക്കോട് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരം തമ്പാനൂരിൽനിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് ബസിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി എതിർദിശയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.



