റോബോട്ട് വാക്വം ക്ലീനർ ഉപയോഗിച്ച് ഭാര്യയുടെ അവിഹിതബന്ധം കണ്ടടുപിടിച്ചു; എന്നാൽ ഒടുവിൽ പണികിട്ടിയത് ഭർത്താവിന് തന്നെ

ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്താൻ റോബോട്ട് ടെക്നോളജി ഉപയോഗിച്ച ഭർത്താവിന് ഒടുവിൽ പണികിട്ടി. റോബോട്ട് വാക്വം ക്ലിനർ ഉപയോഗിച്ച് രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണ് യുവാവിന് തിരിച്ചടിയായത്. യുവാവിന് നാലര ലക്ഷം രൂപയും അഞ്ചുമാസം തടവുമാണ് കോടതി ശിക്ഷിച്ചത്. 2021ലാണ് ദമ്പതികൾ വിവാഹിതരായത്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. അവധി ദിവസങ്ങൾ ഇരുവരും ഹോളിഡേ ഹോമുകളിലും ചെലവഴിച്ചിരുന്നു. വിവാഹമോചന കേസിൽ ഭാര്യയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതാണ് യുവാവിനെ കുടുക്കിയത്.
2023ൽ സെപ്റ്റംബറിൽ ഉപയോഗിച്ച നിലയിലുള്ള ഒരു ടൂത്ത് ബ്രഷ് ഇരുവരും താമസിച്ച ഹോളിഡേ ഹോമിൽ കണ്ടതോടെയാണ് യുവാവ് ഭാര്യയെ സംശയിക്കാൻ തുടങ്ങിയത്. ടൂത്ത് ബ്രഷ് പുരുഷന്റേതാകാമെന്ന് സംശയിച്ച യുവാവ് അവിടെ ആരൊക്കെ വന്നുപോകുന്നുണ്ടെന്ന് അന്വേഷിക്കാൻ തുടങ്ങി. പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത ഒരാളെ കണ്ടെത്തി. ഇയാൾ നേരത്തെ ഭാര്യയെ വീട്ടിൽ കൊണ്ടുവിട്ടിട്ടുണ്ടെന്ന് മനസിലായതോടെ യുവാവിന്റെ സംശയം ഇരട്ടിയായി.
ഇതേ തുടർന്നാണ് റോബോട്ട് വാക്വം ക്ലീനർ ഉപയോഗിച്ച് മൊബൈൽ ആപ്പ് വഴി ഇയാൾ ഭാര്യയെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഉപകരണത്തിന്റെ സഹായത്തോടെ വീട്ടിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ യുവാവ് സിവിൽ കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ഭർത്താവിനെ വഞ്ചിച്ചതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി യുവതിയോട് ഉത്തരവിട്ടു. എന്നാൽ ഇതേ ദൃശ്യങ്ങൾ തന്നെ യുവാവിന് തിരിച്ചടിയായി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടി യുവതി നൽകിയ പരാതിയിൽ ഭർത്താവിന് നാലരലക്ഷം രൂപ പിഴയും അഞ്ച് മാസം തടവും വിധിച്ചു.



