ബെവ്കോ സാമ്പത്തിക നഷ്ടത്തിൽ; കാരണം…

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലെന്ന് എക്സൈസ് മന്ത്രി എം ലിജു. ബെവ്കോ ഇപ്പോഴല്ല നഷ്ടത്തിലായത്. എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനങ്ങൾ കൊണ്ടാണ് ബെവ്കോ സാമ്പത്തിക നഷ്ടത്തിലായത്. ബെവ്കോയുടെ ഉൾപ്പെടെ വരുമാനം പരമാവധി പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചതെന്നും മന്ത്രി ലിജു കുറ്റപ്പെടുത്തി.
യഥാർത്ഥത്തിൽ ബെവ്കോയുടെ ഉത്പാദനം 21,000 കോടിയിലേക്ക് വർധിച്ചു. അഞ്ചു പൈസയായിരുന്ന ഗ്യാലനേജ് ഫീസ് 10 രൂപയായി ഉയർത്തിയതോടെ, 400 കോടിയിൽപ്പരം രൂപയാണ് ബെവ്കോയ്ക്ക് ഒറ്റയടിക്ക് സർക്കാരിന് നൽകേണ്ടി വന്നത്. ലാഭത്തിന് പുറമേ, റിസർവ് ഫണ്ടിൽ നിന്നു കൂടി പണമെടുത്ത് കൊടുക്കേണ്ടി വന്നു. അതാണ് നഷ്ടത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം മാത്രം 180 കോടി നഷ്ടമായിയെന്നും മന്ത്രി പറഞ്ഞു. വെയർഹൗസിൽ നിന്നും ഔട്ട്ലെറ്റുകളിലേക്ക് മാറ്റുമ്പോൾ സർക്കാരിന് നൽകിയിരുന്ന തുകയാണ് ഗ്യാലനേജ് ഫീസ്. അത് 5 പൈസയിൽ നിന്നും 10 രൂപയാക്കി ഉയർത്തിയതോടെ, 10 കോടി ഗ്യാലനേജ് ഫീസ് നൽകിയിരുന്നയിടത്ത് ഒറ്റയടിക്ക് 200 കോടിയായി ഉയർന്നു. ഈ നടപടിയെ ബെവ്കോ നേരത്തെ തന്നെ എതിർത്തിരുന്നതാണെന്നും എക്സൈസ് മന്ത്രി ലിജു വ്യക്തമാക്കി.




