വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല’.. പക്ഷെ ഭർത്താവ്..

നിയമം പാലിക്കാതെ ഭർത്താവ് ഉപേക്ഷിച്ചതിൽ നീതി തേടി ഡോക്ട്ർ ആയിഷ മുഹമ്മദ് നടത്തുന്ന രാപ്പകൽ സമരം 12 ദിവസം പിന്നിട്ടു. ചാവക്കാട് താലൂക്കിലെ എടക്കഴിയൂരിൽ ഭർത്താവ് ഡോക്ടർ അലി അബ്ദുൾ ലത്തീഫിന്റെ വീടിനുമുമ്പിലാണ് യുവതിയുടെ സമരം. തന്റെ സ്വർണവും പണവും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 10 വയസുകാരിയായ മകളോടൊപ്പമാണ് ആയിഷ സമരം നടത്തുന്നത്.
13 വർഷം മുൻപ് വിവാഹിതയായ ആയിഷയ്ക്ക് വിവാഹസമയത്ത് കുടുംബം 100 പവൻ സ്വർണ്ണവും 15 ലക്ഷം രൂപയും നൽകിയിരുന്നുവെന്നും, പിന്നീട് കൂടുതൽ സ്വത്തും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നുമാണ് ആയിഷയുടെ ആരോപണം.
ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെയും മതപരമായി മൊഴി ചൊല്ലാതെയും മറ്റൊരു വിവാഹം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആയിഷ പറയുന്നു. കഴിഞ്ഞ ആറു വർഷമായി മകളെ താൻ ഒറ്റയ്ക്കാണ് വളർത്തുന്നതെന്നും, കോടതി നിർദേശിച്ചിരുന്ന മകളുടെ ചെലവിനുള്ള തുക പോലും ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു. കോടതി ഉത്തരവുമായി വീട്ടിൽ പ്രവേശിക്കാൻ എത്തിയപ്പോൾ ഗേറ്റ് പൂട്ടുകയും വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്തതായി ആയിഷ ആരോപിച്ചു.
കുടുംബ കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസുകൾ നിലവിലുണ്ട്. 100 പവൻ സ്വർണ്ണവും 15 ലക്ഷം രൂപയും തിരികെ ലഭിക്കുക, മകളുടെ ഭാവിക്കായി കൃത്യമായ ജീവനാംശം ഉറപ്പാക്കുക എന്നിവയാണ് ആയിഷയുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം വീട് മകന്റെ പേരിൽ അല്ല തന്റെ പേരിലാണെന്നും ഡോക്ടർ അബ്ദുൾ ലത്തീഫിന്റെ മാതാവും അവകാശം ഉന്നയിക്കുന്നു. കോഴിക്കോട്ടിൽ നിന്നും മറ്റൊരു വിവാഹം കഴിച്ച ഭർത്താവിന്റെ നടപടി മതപരമായും നിയമപരമായും നിലനിൽക്കുന്നതല്ലെന്നും എന്നാൽ ഭർത്താവിന് മഹല്ല് കമ്മിറ്റി ഒത്താശ ചെയ്യുകയാണെന്നും ആയിഷ ആരോപിച്ചു.




