വി സി അനുമതി നിഷേധിച്ച വിദ്യാർത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

വൈസ് ചാൻസലർ അനുമതി നിഷേധിച്ച കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പരിപാടിക്കെത്തി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. സർവ്വകലാശാല പാലയാട് ക്യാമ്പസിലാണ് ഐഷി എത്തിയത്. പ്രസംഗത്തിൽ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ ഐഷി രൂക്ഷ വിമർശനം ഉയർത്തി. എസ്എഫ്ഐ ആർഎസ്എസിനെ എതിർക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നൽകാതിരുന്നതെന്നും താൻ പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.
പരിപാടി നടക്കുന്നത് ആർഎസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല. കാമ്പസിലാണ്. വൈസ് ചാൻസലറെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും ഐഷി ഘോഷ് പ്രതികരിച്ചു. ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയന്റെ ഷീ ഫെസ്റ്റിനായിരുന്നു കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചത്. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണത്താലായിരുന്നു നടപടി. എന്നാൽ മുൻകൂട്ടി അനുമതി നൽകിയിരുന്നുവെന്നും ഐഷി ഘോഷാണ് പരിപാടിയിലെ മുഖ്യാതിഥി എന്ന കാരണത്താലാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്ഐ ആരോപണം. തുടർന്ന് സർവ്വകലാശാല വിലക്ക് മറികടന്ന് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.



