ഇടുക്കിയിൽ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു

കൊലപാതകത്തിനു പിന്നാലെ പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ അറിയിക്കുകയും പിന്നാലെ നാട്ടുകാർ ഉൾപ്പെടെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

നെടുങ്കണ്ടത്തു നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി. വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാൾക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഫൊറൻസിക് സംഘം ഉൾപ്പെടെ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

Back to top button