ഹൈക്കോടതി ഉത്തരവിട്ട് അഞ്ച് വർഷം… ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകരുടെ…

തിരുവനന്തപുരം: ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ച് വർഷമായിട്ടും സർക്കാർ സ്കൂളുകളിൽ സ്ഥിരനിയമനം നടത്താതെ പൊതുവിദ്യാഭ്യാസ വകുപ്പ്. അതേസമയം, എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികകളിലേക്ക് യു.പി. അധ്യാപകരെ സ്ഥാനക്കയറ്റം നൽകി സ്ഥിരനിയമനം നടത്താൻ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ ഏതാനും മാനേജ്മെന്റുകൾക്ക് അനുമതി നൽകിയതായും ആക്ഷേപമുണ്ട്.

2021 ഓഗസ്റ്റ് 10നാണ് ഹൈസ്കൂളിൽ ഇംഗ്ലീഷ് പ്രത്യേക ഭാഷയായി കണക്കാക്കി പിരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയവും നിയമനവും നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്ന് ഡിവിഷന് ഒരു തസ്തിക എന്ന നിലയിലായിരുന്നു തസ്തിക നിർണയം. കോടതി ഉത്തരവിനോട് ആദ്യം സർക്കാർ മുഖംതിരിച്ചെങ്കിലും കോടതിയലക്ഷ്യ നടപടിയുടെ സാഹചര്യം ഉയർന്നതോടെ 2024ൽ താൽക്കാലിക നിയമനം നടത്താൻ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി 600ലേറെ അധ്യാപക തസ്തികകൾ സൃഷ്ടിച്ചെങ്കിലും ഇതുവരെ സ്ഥിരനിയമനം നടത്തിയിട്ടില്ല. സ്ഥിരനിയമനം നടക്കാത്തതിനാൽ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ ഉദ്യോഗാർഥികൾ കാത്തിരിക്കുകയാണ്. എറണാകുളം, കോട്ടയം ജില്ലകളിൽ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി സെപ്റ്റംബർ 19ന് അവസാനിക്കും. മറ്റ് ജില്ലകളിലെ പട്ടികകളുടെ കാലാവധി നവംബറിലും അവസാനിക്കും. സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 18ന് ഹൈക്കോടതി പരിഗണിക്കും. ഇതിലാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. കാലാവധി അവസാനിക്കാനിരുന്ന വിവിധ റാങ്ക് പട്ടികകൾ സർക്കാർ നീട്ടിനൽകിയിട്ടുള്ളതിനാൽ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലും സമാനമായ നടപടി ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.

Related Articles

Back to top button