മത്സ്യത്തൊഴിലാളികൾ എവിടെ?… ചോദ്യങ്ങൾക്ക് പിന്നാലെ പത്രക്കുറിപ്പിറക്കി ഫിഷറീസ് മന്ത്രി

തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകാതെ ഫിഷറീസ് മന്ത്രി പത്രക്കുറിപ്പ് പുറത്തിറക്കി. ഇതുവരെ സ്വീകരിച്ച തിരച്ചിൽ നടപടികളാണ് പത്രക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടർ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമായതിനാലാണ് കാണാതായവരെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ഡോണിയർ വിമാനം, മറൈൻ പൊലീസിന്റെ ബോട്ടുകൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് തിരച്ചിൽ തുടരുന്നതായും ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും വിനിയോഗിക്കുന്നുണ്ടെന്നും അറിയിച്ചു. കാണാതായവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊഴിയിൽ മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ നീണ്ടകരയിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വ്യോമതിരച്ചിലിന്റെ സമയം വർധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.



