മേയർ വി വി രാജേഷ് അമേരിക്കയിൽ….

തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായി തിരുവനന്തപുരം മേയർ വി വി രാജേഷ് അറിയിച്ചു. മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമുള്ള മിസോറി സിറ്റി, അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. നഗരഭരണ രംഗത്തും പൊതുപ്രവർത്തന മേഖലയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.

നിർമിതബുദ്ധി മേഖലയിൽ തിരുവനന്തപുരം – മിസോറി സിറ്റി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തെന്ന് മേയർ വി വി രാജേഷ് അറിയിച്ചു. നഗരവികസനം, സാങ്കേതികവിദ്യ, പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, സ്മാർട്ട് സിറ്റി ആശയങ്ങൾ, നിക്ഷേപ അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലും മിസോറി സിറ്റി കൈവരിച്ച പുരോഗതി മേയർ റോബിൻ ഇലക്കാട്ട് വിശദീകരിച്ചു.

ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പുനരുപയോഗ പദ്ധതികൾ, നഗര ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചെന്ന് വി വി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണ കമ്പനിയുടെ പ്രതിനിധികളും നഗര ഭരണകൂടത്തിലെ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. നഗരത്തിലെ തെരുവുനായകളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും റോബിൻ ഇലക്കാട്ട് വിവരിച്ചതായി വി വി രാജേഷ് അറിയിച്ചു. നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ചെന്നും മൃഗസംരക്ഷണ രംഗത്ത് മിസോറി സിറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയെന്നും വി വി രാജേഷ് പറഞ്ഞു.

Related Articles

Back to top button