കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിച്ചു. കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം നൽകുമെന്നും മരണപ്പെട്ടവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2024-ൽ തൃശ്ശൂരിൽ ഉണ്ടായ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനുണ്ടായിരുന്ന ധനസഹായവും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇത്തവണത്തെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 26 പേർ മരണപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും നാല് പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ക്യാമ്പുകളിലുള്ളവർക്കും ദുരിതബാധിതർക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

Related Articles

Back to top button