സ്വർണക്കടത്തെന്ന് സംശയം, കണ്ണൂർ വിമാനത്താവളത്തിൽ നഗ്നനാക്കി പരിശോധന

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുടെ പേരിൽ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പ്രവാസി യുവാവിന്റെ പരാതി. അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായാണ് ദുബൈയിൽ ഐടി മാനേജരായ കാസർകോട് സ്വദേശി ഹുസൈനാർ മഹഷാദിന്റെ പരാതി. സംഭവത്തിൽ മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണർ, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, നോർക്ക റൂട്‌സ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 19നായിരുന്നു സംഭവം. രാവിലെ ഫുജൈറയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മഹഷാദിന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. വനിതാ ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം വസ്ത്രങ്ങൾ അഴിപ്പിച്ചു പരിശോധിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ മറ്റ് ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തന്നെ പരിഹസിച്ചതായും ഇത് അപമാനമായതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും യുവാവ് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പതിവ് പരിശോധനയുടെ ഭാഗമാണെന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ അതിരു കടന്ന കസ്റ്റംസ് പരിശോധനയ്‌ക്കെതിരെ നേരത്തെയും പ്രവാസി യാത്രക്കാരിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.



