കടുപ്പിച്ച് രാഹുൽ, സിജെപി പ്രതിഷേധത്തിൽ ആദ്യ പ്രതികരണം

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതച പാർട്ടി (സി ജെ പി)യുടെ ജന്തർമന്തറിലെ പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ അടക്കം വിമർശിച്ചാണ് രാഹുൽ രംഗത്തെത്തിയത്. കേന്ദ്ര നടപടി തെറ്റാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ പ്രധാന നയങ്ങളെന്ന് വിമർശിച്ച രാഹുൽ, ചോദ്യപേപ്പർ ചോർച്ച, വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ്, വിദ്യാർത്ഥികളുടെ ആത്മഹത്യ എന്നിവ ഇന്ത്യയുടെ ഭാവി നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരം ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ഇന്ത്യയിലെ വിദ്യാർത്ഥികളെയോ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെയോ ഒരു തരത്തിലുള്ള ബലപ്രയോഗത്തിലൂടെയും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

28 ദിവസമായി സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരമാണ് പൊലീസ് ബലപ്രയോഗത്തിലൂടെ അവസാനിപ്പിച്ചത്. സോനത്തിൻറെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെയാണ് ദില്ലി പൊലീസിന്റെ നടപടി. ഇതിന് പിന്നാലെ ജന്തർ മന്തറിൽ പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി. സമരക്കാരെ ഇവിടെ നിന്നും ഒഴിപ്പാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അതിനിടെ സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ നിരാഹാര സമരം തുടങ്ങുകയും ചെയ്തു. സി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ അഭിജീത് ദിപ്കെയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ദിപ്കെയ്ക്ക് നേരെ അവർ മഷിയൊഴിച്ചു. സംഭവത്തെ തുടർന്ന് സി ജെ പി പ്രവർത്തകർ വേദിയിലേക്ക് ഓടിയെത്തി. ഈ സ്ത്രീ ആരാണെന്നോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ വ്യക്തമല്ല. സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.സി ജെ പി അണികൾ സ്ത്രീയെ തിരിച്ച് കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയപ്പോൾ അഭിജീത് ദീപ്കെ അവരെ തടഞ്ഞു. തുടർന്നാണ് പൊലീസ് സ്ത്രീയെ സ്ഥലത്തു നിന്ന് മാറ്റിയത്. തനിക്കെതിരെ മഷി കുടഞ്ഞത് അംഗീകാരമായി കാണുന്നു എന്നാണ് ദിപ്കെയുടെ പ്രതികരണം. പണം നൽകി ബിജെപിക്കാർ പ്രശ്നമുണ്ടാക്കാൻ ആളുകളെ സമര വേദിയിലേക്ക് വിടുകയാണെന്ന് ദിപ്കെ ആരോപിച്ചു. ഇന്ന് രാവിലെ മുതൽ അപ്രതീക്ഷിത സംഭവങ്ങളാണ് ജന്തർ മന്തറിൽ നടന്നത്.

Related Articles

Back to top button