പൊലീസ് വാഹനം പിടികൂടി പിഴയിട്ട സംഭവം….വെഹിക്കിൾ ഇൻസ്പെക്ടർ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി….

വടക്കാഞ്ചേരി പൊലീസിന്റെ വാഹനം പിടികൂടി പിഴയിട്ട സംഭവത്തിൽ എംവിഐ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒളിവിൽ ആയിരുന്ന എംവിഐ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത്. ഇൻഷുറൻസ് ഉള്ള പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി പിഴയിട്ടതിന് പിന്നാലെ പൊലീസ് ബിജുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതും സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമെതിരെയാണ് കേസെടുത്തത്. വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇൻഷുറൻസുണ്ടായിട്ടും പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് എംവിഐ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. ശേഷം പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാർത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിൻ്റെ ഇൻഷൂറൻസ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇൻഷുറൻസുള്ള വണ്ടിയ്ക്ക് എം വി ഐ പിഴയിട്ടത് നാലായിരം രൂപയാണ്.



