സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും എല്‍ഡിഎഫിന് വീഴ്ച

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും പാര്‍ട്ടിക്ക് വലിയ വീഴ്ച സംഭവിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. തിരഞ്ഞെടുപ്പിലുണ്ടായ ഈ വീഴ്ചകളില്‍ പാര്‍ട്ടി ആഴത്തില്‍ തിരുത്തല്‍ നടത്തുമെന്നും, തിരുത്തല്‍ നടപടികള്‍ എങ്ങനെ വേണം എന്ന് കേരളത്തില്‍ ചേരുന്ന വിശാല സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.എ. ബേബി.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു മണ്ഡലത്തിന്റെ കാര്യം മാത്രമായി എടുത്തു പറയാന്‍ കഴിയില്ലെന്നും പൊതുവായി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. വീഴ്ച സംഭവിച്ചത് വ്യക്തികള്‍ക്കാണോ എന്ന ചോദ്യത്തിന്, വ്യക്തികള്‍ ചേര്‍ന്ന പാര്‍ട്ടിക്ക് തന്നെയാണ് വീഴ്ച സംഭവിച്ചതെന്നും ഓരോ അംഗത്തിനും ഇതിൽ വീഴ്ച വന്നിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ട്ടിക്ക് പല തലത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രമായി അത് ഒതുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും എം.എ. ബേബി പ്രതികരിക്കുകയുണ്ടായി. സിപിഐഎമ്മില്‍ നിന്ന് ജനം എപ്പോഴും കൂടുതല്‍ ധാര്‍മ്മികത ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ആ തെറ്റുകള്‍ തിരുത്തിത്തന്നെ മുന്നോട്ടുപോകും. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, വിവാഹം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പങ്കാളികള്‍ ഉണ്ടാകുമെന്നും അവര്‍ ആ ബന്ധത്തിന്റ പേരിലും അറിയപ്പെടുക സ്വാഭാവികമാണെന്നുമായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ആളുകള്‍ക്ക് തെറ്റുപറ്റി എന്ന് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശമില്ലെന്നും, ബാക്കി പുറത്തുവന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കന്മാരുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടായതായി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള ചിലരുടെ പെരുമാറ്റം മാത്രമല്ല അത്. പാര്‍ട്ടിയില്‍ അടിമുടി നേതാക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. ജനങ്ങളോടുള്ള വിനയം, അവരുടെ പ്രശ്നങ്ങൾ കേള്‍ക്കാനുള്ള മനസ് എന്നിവ നേതാക്കൾക്ക് നിർബന്ധമായും വേണമെന്നും എം.എ. ബേബി ഓർമ്മിപ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയവും മറ്റ് തിരുത്തൽ നടപടികളും വിശാല സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഈ വിശാല സംസ്ഥാന സമിതി വരും മാസത്തിൽ, അതായത് സെപ്റ്റംബറില്‍ ചേരുമെന്നും എം.എ. ബേബി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു.



