വീണ്ടും നിയമനവിവാദം….ഹൈക്കോടതിയില്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചത് മുന്‍ എസ്എഫ്ഐ നേതാവിനെയെന്ന് പരാതി

യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും നിയമന വിവാദം. ഹൈക്കോടതിയില്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചത് എസ്എഫ്ഐ നേതാവിനെ എന്നാണ് പരാതി. എസ് എസ് കെ ഡയറക്ടറായി ഡോക്ടര്‍ കെ മോഹന്‍ കുമാറിനെ നിയമിച്ചതിലും അതൃപ്തിയുണ്ട്. മുസ്ലിം ലീഗ് നിര്‍ദ്ദേശിച്ച രണ്ടുപേരുകള്‍ മറികടന്നാണ് ഇടതുപക്ഷ പശ്ചാത്തലമുള്ള മോഹന്‍കുമാറിന്റെ നിയമനമെന്നാണ് ആരോപണം.
ഒന്നരമാസക്കാലം എസ് എസ് കെ ഡയറക്ടര്‍ സ്ഥാനമൊഴിച്ചിട്ട ശേഷമാണ് സര്‍ക്കാര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. നിയമിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ കെ മോഹന്‍ കുമാറിനെ. സ്കോള്‍ കേരള വൈസ് ചെയര്‍മാനും ഹയര്‍സെക്കന്‍ഡറി വിഭാഗം ജോയിന്‍ സെക്രട്ടറിയുമായിരുന്നു മോഹന്‍കുമാര്‍ .
2018 ല്‍ കോളേജ് പ്രിന്‍സിപ്പലായി വിരമിച്ച ശേഷം യുഡിഎഫ് സര്‍ക്കാര്‍ പുനര്‍ നിയമനത്തിന് പരിഗണിക്കുകയായിരുന്നു. ലീഗ് അധ്യാപക സംഘടനകള്‍ നിര്‍ദ്ദേശിച്ച രണ്ടുപേരുകളും പരിഗണിച്ചില്ല. ശമ്പള സ്കെയില്‍ നിശ്ചയിച്ചതിലും പരാതികള്‍ ഉണ്ട്. വിഷയത്തില്‍ ലീഗ് കോണ്‍ഗ്രസ് അധ്യാപക സംഘടനകളില്‍ അതൃപ്തി രൂക്ഷമാണ്. അതേസമയം ഹൈക്കോടതി ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിലും ഭിന്നാഭിപ്രായമുണ്ട്.



