വ്യാജ ലഹരി വിരുദ്ധ സംഘടനാ പ്രസിഡന്റിന്റെ കൂട്ടാളിയും പിടിയിൽ….

പത്തനംതിട്ട: വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ ലഹരി കടത്തിലെ പ്രധാന കൂട്ടാളിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയും വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഷർഫിൻ സെബാസ്റ്റ്യൻ നേരത്തെ എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിലെ പ്രധാന കണ്ണിയും എഴുമറ്റൂർ സ്വദേശിയുമായ സുമിത് മോഹനനെ (37) കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്നുള്ള തെരച്ചിലിൽ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് സുമിത് മോഹനനെ പോലീസ് സംഘം വലയിലാക്കിയത്.
കഴിഞ്ഞ മാസമാണ് വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ തലപ്പത്തിരുന്നിരുന്ന ഷർഫിൻ സെബാസ്റ്റ്യനിൽ നിന്നും 1.5 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പെരുമ്പെട്ടി പോലീസ് കണ്ടെടുത്തത്. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നിനൊപ്പം തന്നെ ഇത് വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും അന്ന് പ്രതിയുടെ പക്കൽ നിന്നും പോലീസ് സംഘം കണ്ടെടുത്തിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പോസ്റ്ററുകളും പ്രസംഗങ്ങളുമായി സമൂഹത്തിൽ മാന്യനായി നടക്കുകയും, ഇതിന്റെ മറവിൽ അതിമാരക മയക്കുമരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുകയുമായിരുന്നു പ്രതികളുടെ രീതി. അറസ്റ്റിലായ സുമിത് മോഹനന് അന്തർസംസ്ഥാന ലഹരി മാഫിയകളുമായി ബന്ധമുണ്ടോയെന്നും സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പെരുമ്പെട്ടി പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.



