യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു… നാല് സ്ത്രീകൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

കോഴിക്കോട് നഗരമധ്യത്തിൽ നിന്നും യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നാല് സ്ത്രീകൾ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി വി.പി ക്വാർട്ടേഴ്‌സിൽ റഹ്‌മത്ത് (41), എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയിൽ സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടിൽ അയിഷ (43), വെള്ളയിൽ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടിൽ സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് അതിവേഗം വലയിലാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ ക്രൂര സംഭവം അരങ്ങേറുന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ ശുചീകരണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പുതിയ ബസ് സ്റ്റാൻഡിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയം ഇവരുമായി നേരത്തെ ചെറിയ പരിചയമുണ്ടായിരുന്ന മോഷണ സംഘത്തിലെ ചിലർ ഇതുവഴി ഓട്ടോറിക്ഷയിൽ എത്തുകയും, തങ്ങൾ പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് യുവതിയെ ഓട്ടോയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. എന്നാൽ ഓട്ടോറിക്ഷ യാത്ര തുടങ്ങിയതോടെ പ്രതികൾ തനിനിറം പുറത്തെടുത്തു. യാത്രയ്ക്കിടയിൽ പ്രതികൾ പരാതിക്കാരിയെ അതിക്രൂരമായി ആക്രമിക്കുകയും മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ക്രൂരമായ മർദ്ദനത്തിൽ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞുപോയി. തുടർന്ന് യുവതി ധരിച്ചിരുന്ന ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണച്ചെയിൻ, രണ്ടര പവന്റെ പാദസരം, ഒരു പവന്റെ ബ്രേസ്‌ലെറ്റ് എന്നിവ സംഘം ബലമായി പൊട്ടിച്ചെടുത്തു. സ്വർണം കവർന്ന ശേഷം ചോരയൊലിക്കുന്ന നിലയിലായ യുവതിയെ പ്രതികൾ ചേവായൂരിൽ വഴിയിൽ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.

പരിക്കേറ്റ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിറ്റി ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നുതന്നെയാണ് ആറംഗ കവർച്ചാ സംഘത്തെ പോലീസ് പൊക്കിയത്. പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികൾ വെളിപ്പെടുത്തിയത്. പരാതിക്കാരിയായ യുവതിയെ തങ്ങൾക്ക് നേരത്തെ കണ്ടുപരിചയമുണ്ടായിരുന്നുവെന്നും, സ്ഥിരമായി വലിയ രീതിയിൽ ആഭരണങ്ങൾ ധരിച്ച് ജോലിക്ക് വരാറുള്ള ഇവരെ കവർച്ച ചെയ്യാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് ആസൂത്രണം നടത്തിയാണ് ഓട്ടോയുമായി എത്തിയതെന്നും പ്രതികൾ സമ്മതിച്ചു. കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ കോഴിക്കോട് കമ്മത്ത് ലൈനിലുള്ള ഒരു കടയിൽ വിറ്റ് പണം വാങ്ങിയതായും ഇവർ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button