പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്… കർശന നിർദ്ദേശവുമായി…

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശവുമായി ഡിജിപി. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർക്ക് വരെ ബാധകമാകുന്ന രീതിയിലാണ് ഡിജിപി പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗികമായ ക്രമസമാധാന പാലന ചുമതലകൾക്ക് അല്ലാതെ യാതൊരു കാരണവശാലും യൂണിഫോം ധരിച്ച് ഇത്തരത്തിലുള്ള പരിപാടികളിൽ ഭാഗമാകാൻ പാടില്ലെന്നാണ് ഉത്തരവ്.
യൂണിഫോം ധരിച്ചുകൊണ്ട് ചില ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി പെരുമാറുന്നുവെന്ന നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ അടിയന്തര ഇടപെടൽ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും പ്രാദേശിക ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ സജീവമായി പങ്കെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. ഇതിനുപുറമെ, ഇത്തരത്തിലുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ‘റീൽസ്’ രൂപത്തിലാക്കി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പങ്കുവെക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പോലീസ് സേനയുടെ നിഷ്പക്ഷതയെയും അച്ചടക്കത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിജിപി സർക്കുലറിൽ വ്യക്തമാക്കുന്നു. ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള സമയത്ത് ആഘോഷ സ്ഥലങ്ങളിൽ പോലീസ് ഉണ്ടാകുമെങ്കിലും, അല്ലാത്തപക്ഷം വ്യക്തിപരമായ താൽപ്പര്യങ്ങളുടെ പേരിൽ യൂണിഫോം ധരിച്ച് ചടങ്ങുകളുടെ ഭാഗമാകാൻ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.




