ജോലിയില്ല, പക്ഷെ ലക്ഷങ്ങൾ ശമ്പളം… സെക്രട്ടേറിയറ്റിലെ 50 ഓളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: മാതൃവകുപ്പിൽ തിരിച്ചെത്തിയിട്ടും പോസ്റ്റിങ് ലഭിക്കാത്തതിനെത്തുടർന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ലക്ഷങ്ങൾ ശമ്പളം പറ്റുന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം വാങ്ങുന്നവരാണ് ജോലിയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നത്. ഭരണാനുകൂല കോൺഗ്രസ് സർവീസ് സംഘടനകൾ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഇവർക്ക് പോസ്റ്റിങ് നൽകുന്നത് വൈകിക്കാൻ കാരണമെന്നാണ് സൂചന.

മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് ഇപ്പോൾ പോസ്റ്റിങ് ലഭിക്കാതെ വലയുന്നത്. സർക്കാർ മാറുകയും മന്ത്രിമാർ പടിയിറങ്ങുകയും ചെയ്തതോടെ ഇവർക്ക് മാതൃ സർവീസിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. എന്നാൽ തിരികെ റിപ്പോർട്ട് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഇവർക്ക് പുതിയ തസ്തികകൾ അനുവദിക്കാൻ പൊതുഭരണ വകുപ്പ് തയ്യാറായിട്ടില്ല. വീട്ടിലിരിക്കുന്നവരിൽ ഭൂരിഭാഗവും രണ്ട് ലക്ഷത്തിന് മുകളിൽ മാസശമ്പളം വാങ്ങുന്ന ഉയർന്ന ഉദ്യോഗസ്ഥരാണ്. സെക്രട്ടേറിയറ്റിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ ഉദ്യോഗസ്ഥർക്ക് പണി നൽകാതെ ശമ്പളം മാത്രം നൽകി വീട്ടിലിരുത്തുന്നത്.

ഭരണാനുകൂല സംഘടനകളിൽ ഉൾപ്പെട്ട തങ്ങൾക്ക് താല്പര്യമുള്ള ജീവനക്കാർക്ക് പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഈ പോസ്റ്റിങ് വൈകിക്കലിന് പിന്നിലെന്നും ആക്ഷേപമുണ്ട്. സംഘടനകൾ തമ്മിലുള്ള കസേരക്കളി മൂലം ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിലേക്ക് യഥാസമയം നിയമനം നടക്കാത്തത് സെക്രട്ടേറിയറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർക്ക് പണിയില്ലാതെ ശമ്പളം നൽകുന്നത് വൻ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

Related Articles

Back to top button