പണത്തിന് മീതെ ‘ബസ്മതിയും ഹോർലിക്സും കശുവണ്ടിയും’! പലചരക്ക് കടയിൽ വെറൈറ്റി മോഷണം, പണപ്പെട്ടി തൊടാതെ കള്ളൻ മടങ്ങി

മോഷണം എന്ന് കേൾക്കുമ്പോൾ പണവും സ്വർണ്ണവും തിരയുന്ന കള്ളന്മാർക്കിടയിൽ ഇതാ ഒരു ‘വ്യത്യസ്തൻ’. കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് മേശയിലിരുന്ന പണം തൊട്ടുപോലും നോക്കാതെ, പകരം ലക്ഷ്വറി പലചരക്ക് സാധനങ്ങളുമായി മുങ്ങി! തലക്കടത്തൂരിലെ പാലയ്ക്കൽ സ്റ്റോറിലാണ് ഈ അപൂർവ മോഷണം നടന്നത്.

പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് സൺഫ്ലവർ ഓയിൽ, വെളിച്ചെണ്ണ, ഹോർലിക്സ്, ബൂസ്റ്റ്, നെയ്യ്, ചായപ്പൊടി, സോപ്പ് എന്നിവയെല്ലാം നാലോ അഞ്ചോ പാക്കറ്റ് വീതം എടുത്തിട്ടുണ്ട്.

കൂടാതെ ഒരു ചാക്ക് ബസ്മതി അരിയും അരച്ചാക്ക് പഞ്ചസാരയും 1,200 രൂപയോളം വിലയുള്ള കശുവണ്ടിപ്പരിപ്പും മോഷ്ടിച്ചു. ഏതാണ്ട് 20,000 രൂപ വില വരുന്ന പലചരക്ക് സാധനങ്ങളാണ് കടയിൽനിന്നു മോഷണം പോയത്. മേശയിൽനിന്ന് പണമെടുക്കാൻ ശ്രമിച്ചിട്ടേയില്ല. വിവരമറിയിച്ചതിനെ തുടർന്ന് കടയിൽ തിരൂർ പൊലീസെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് മോഷ്ടാവിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മോഷണം നടന്നതിനെ തുടർന്ന് പാലയ്ക്കൽ സ്റ്റോറിൽ ഉടമ പി.മൻസൂർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

Related Articles

Back to top button